വയസ്സ് 16, സ്കൂളിൽ പോയില്ല, ഇന്ന് കോടീശ്വരൻ

പ്രതിഭ കൊണ്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവര്‍ ടെക് ലോകത്തിന് പുതുമയല്ല. ബില്‍ ഗേറ്റ്‌സും സ്റ്റീവ് ജോബ്‌സും തൊട്ട് മാര്‍ക്ക് സക്കര്‍ബര്‍ഗ് വരെയുള്ളവര്‍ പഠനം മുഴുവനാക്കാതെ കോളേജ് വിട്ടവരാണ്. ഇവരുടെ യഥാര്‍ഥ പിന്‍ഗാമിയാകാനുള്ള പുറപ്പാടിലാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള പതിനാറുകാരന്‍ ബെന്‍ പാസ്റ്റര്‍നാക്ക്. സ്‌കൂളില്‍ നിന്നേ സാമ്പ്രദായിക പഠനത്തോട് ഗുഡ്‌ബൈ പറഞ്ഞ പാസ്റ്റര്‍നാക്ക് ഇപ്പോള്‍ 13 കോടി രൂപയിലേറെ മൂല്യമുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ്.

ആറ് മാസം മുമ്പ് വരെ സിഡ്‌നിയില്‍ മാതാപിതാക്കള്‍ക്കും അനിയനും അനുജത്തിക്കുമൊപ്പം താമസിച്ചിരുന്ന പാസ്റ്റര്‍നാക്ക്, ഇപ്പോള്‍ സ്വന്തം ആഢംബര ഫ്ലാറ്റിലാണ് താമസം. കൗമാരക്കാരായ ടെക്കികളുടെ ആപ്ലിക്കേഷനുകള്‍ വില്‍ക്കുന്ന ഫ്‌ളോഗ് എന്ന കമ്പനിയാണ് പാസ്റ്റര്‍നാക്കിന്റെ ജീവിതം മാറ്റി മറിച്ചത്. ഒഴിവുസമയങ്ങളില്‍ ഗെയിം ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നതായിരുന്നു പാസ്റ്റര്‍നാക്കിന്റെ ഹോബി. ഇത്തരത്തില്‍ നിര്‍മ്മിച്ച ഒരു ഗെയിമാണ് ഇംപോസിബിള്‍ റഷ്. 15 വയസുള്ളപ്പോള്‍ പാസ്റ്റര്‍നാക്ക് നിര്‍മ്മിച്ച ഈ ഗെയിം ആപ്ലിക്കേഷന്‍ പത്ത് ലക്ഷത്തിലേറെ തവണയാണ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്.

ഇംപോസിബിള്‍ റഷ് സൂപ്പര്‍ ഹിറ്റായതോടെ പാസ്റ്റര്‍നാക്ക് ടെക് ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ഗെയിം നിര്‍മ്മാണം തലക്കുപിടിച്ച പാസ്റ്റര്‍നാക്ക് കഴിഞ്ഞ വര്‍ഷം പത്താം ഗ്രേഡില്‍ വെച്ച് പഠനം നിര്‍ത്തി. പഠനം നിര്‍ത്തുന്നുവെന്ന് ആദ്യം പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ സമ്മതിച്ചില്ല. പിന്നീട് താന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസില്ലാക്കിക്കുകയായിരുന്നുവെന്ന് പാസ്റ്റര്‍നാക്ക് പറയുന്നു.

ഗെയിം ആപ്പ് നിര്‍മ്മാണ കമ്പനിക്ക് ഫ്‌ളോഗ് വഴി രണ്ട് ദശലക്ഷം ഡോളര്‍ സമാഹരിക്കാന്‍ പാസ്റ്റര്‍നാക്കിനായി. ദിവസവും 14-16 മണിക്കൂര്‍ സ്വന്തം കമ്പനിക്കായി കഠിനാധ്വാനം ചെയ്യുന്ന സിഇഒ ആണ് ഇപ്പോള്‍ ഈ കൗമാരക്കാരന്‍. പാസ്റ്റര്‍നാക്കിന് കീഴിലുള്ള സിഒഒക്ക് പ്രായം 30 കഴിഞ്ഞു. കമ്പനിയിലെ ജോലിക്കാരില്‍ പലരും പാസ്റ്റര്‍നാക്കിനെ പോലെ ഗെയിം ആപ്ലിക്കേഷന്‍ നിര്‍മ്മാണ രംഗത്ത് കഴിവ് തെളിയിച്ച കൗമാരക്കാരാണ്. പഠനം പൂര്‍ണ്ണമായി ഉപേക്ഷിക്കാതെ പാര്‍ട്ട് ടൈമായാണ് ഇവരുടെ ജോലി.

സ്വന്തം ഫ്ലാറ്റ് വാങ്ങി താമസം മാറാനൊരുങ്ങിയപ്പോഴാണ് നിയമപ്രശ്‌നം പൊന്തി വന്നത്. 16 വയസ് തികഞ്ഞാല്‍ മാത്രമേ ഒറ്റക്കു താമസിക്കാന്‍ നിയമപരമായി അനുവാദമുള്ളൂ. 16 തികയാന്‍ ബാക്കിയുള്ള ആഴ്ച്ചകള്‍ മാതാവും പാസ്റ്റര്‍നാക്കിനൊപ്പം ഫ്ലാറ്റില്‍ കഴിഞ്ഞു. കോടികള്‍ സ്വന്തമായുണ്ടെങ്കിലും നയാപൈസ മാതാപിതാക്കളുടെ സമ്മതമില്ലാതെ ഈ കൗമാരക്കാരന് ബാങ്കില്‍ നിന്നും എടുക്കാനാകില്ലെന്നതാണ് മറ്റൊരു വസ്തുത.

ചെക്ക് വഴി പണം എടുക്കണമെങ്കില്‍ പോലും രക്ഷിതാക്കളുടെ ഒപ്പ് വേണം. അടുത്തിടെ ഡെബിറ്റ് കാര്‍ഡ് കളഞ്ഞു പോയപ്പോള്‍ മാതാപിതാക്കളുടെ സമ്മതപത്രം കൊണ്ടു ചെന്ന ശേഷമാണ് പുതിയ ഒന്ന് ലഭിച്ചത്. സ്വന്തം കമ്പനിയും കോടികളുടെ ബിസിനസുമൊക്കെ ഹരം കൊള്ളിക്കുന്നതാണെങ്കിലും സുഹൃത്തുക്കള്‍ സ്‌കൂളിലെ പല വിശേഷങ്ങളും പറയുമ്പോള്‍ നഷ്ടബോധം തോന്നാറുണ്ടെന്ന് പാസ്റ്റര്‍നാക്ക് സമ്മതിക്കുന്നു.

മറ്റു കൗമാരക്കാരെ അപേക്ഷിച്ച് ഉത്തരാവാദിത്വങ്ങളുടെ കൂമ്പാരമുണ്ടെങ്കിലും യാതൊരു വിനോദങ്ങളുമില്ലാതെ ജോലി മാത്രമെടുക്കുന്ന യന്ത്രമൊന്നുമല്ല ബെന്‍. എല്ലാ അവധി ദിവസങ്ങളിലും സ്‌കൂള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങിയടിക്കാറുണ്ട്. അടുത്തിടെ ഗയ എന്ന പെണ്‍സുഹൃത്തിനേയും ബെന്നിന് ലഭിച്ചിട്ടുണ്ട്. വീട്ടുകാര്‍ തന്നെയാണ് ഗയയെ പരിചയപ്പെടുത്തിക്കൊടുത്തത്. മറ്റുള്ളവരെ അപേക്ഷിച്ച് വ്യത്യസ്ഥനാണെങ്കിലും 'ഞാനും മറ്റു കൗമാരക്കാരെ പോലെയാണ്, അവരുടെ ഇഷ്ടങ്ങളൊക്കെ തന്നെയാണ് എന്റെയും' എന്ന് പറയാനാണ് ടെക് ലോകത്തെ ജീനിയസിനിഷ്ടം.

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .