റൂബിന് ഈ ലോകം അടക്കി ഭരിക്കാമായിരുന് എന്നിട്ടും ഗൂഗിൾ ചെയ്തതോ?
ആൻഡി റൂബിൻ എന്ന പ്രതിഭാശാലിയായ ചേട്ടൻ സ്വന്തമായി വികസിപ്പിച്ചെടുത്ത മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമാണ് ആൻഡ്രോയ്ഡ്. നല്ല കാശു കിട്ടിയപ്പോൾ പ്രതിഭ സാധനം ഗൂഗിളിനു വിറ്റു, ഗൂഗിളിൽ നല്ലൊരു ജോലിയും തരപ്പെടുത്തി. സ്വതന്ത്രവും സുതാര്യവുമായ ആൻഡ്രോയ്ഡിനെ ഗൂഗിൾ ബഹുരാഷ്ട്രകുത്തകയുടെ പട്ടുകുപ്പായങ്ങൾ അണിയിച്ചു. ഗൂഗിളിന്റെ കാൽക്കീഴിലുള്ള സ്വാതന്ത്ര്യവും സുതാര്യതയും മറ്റേ സ്വാതന്ത്ര്യ-സുതാര്യതകളെക്കാൾ മികച്ചതാണെന്നു വരുത്തിത്തീർത്തു. ജാവയിലുള്ള കൊച്ചു കൊച്ച് ഒഎസുകൾ കണ്ടു ബോറടിച്ച ലോകത്തിന്റെ സ്മാർട്ഫോൺ ബാല്യം ആൻഡ്രോയ്ഡ് എന്ന അദ്ഭുതത്തിനു മുന്നിൽ പകച്ചുനിന്നു. പിന്നെ വച്ചടി വച്ചടി കയറ്റമായിരുന്നു. പിറന്നു വീണ വർഷങ്ങളുടെ കണക്കെടുത്താൽ ബാല്യം വിട്ടിട്ടില്ലാത്ത ആൻഡ്രോയ്ഡ് ലോകത്ത് ഏറ്റവും പ്രചാരമുള്ള ഓപ്പറേറ്റിങ് സിസ്റ്റമായി മാറി. ഓരോ വർഷവും പുതിയ പതിപ്പുകൾ, പുതിയ പുതിയ സംവിധാനങ്ങൾ, കോടാനുകോടി ആപ്ലിക്കേഷനുകൾ... അങ്ങനെ ആൻഡ്രോയ്ഡ് മനുഷ്യരാശിക്കു മുന്നിൽ വലിയൊരു മായാലോകം തന്നെ തീർത്തു. ആൻഡ്രോയ്ഡ് വലിയ സംഭവമായപ്പോൾ ആൻഡി റൂബിൻ ഗൂഗിൾ വിട്ട് വേറെ കൃഷി തുടങ്ങി. തമിഴ്നാട്ടുകാരനായ സുന്ദർ പിച്ചൈ ആൻഡ്രോയ്ഡ് മേധാവിയും തദ്വാരാ ഗൂഗിൾ മേധാവിയുമായി. ഫോണിൽ നിന്നു വാച്ചിലേക്കും ടിവിയിലേക്കും കാറിലേക്കുമൊക്കെ ആൻഡ്രോയ്ഡ് പരകായപ്രവേശം നടത്തിക്കൊണ്ടിരിക്കുകയാണ്. അന്തരാത്മാവിൽ ഒരു ചിപ്പ് വച്ച് നമ്മളെയും ആൻഡ്രോയ്ഡാക്കാൻ ഗൂഗിളിനു വലിയ പ്രയാസമൊന്നുമില്ല. ആൻഡ്രോയ്ഡ് വരുമ്പോൾ എല്ലാം ശരിയാകുമെന്നു കരുതിയിരുന്ന സമത്വസുന്ദരലോകപ്രേമികൾ പക്ഷെ, നിരാശപ്പെട്ടു. ആൻഡ്രോയ്ഡെന്ന മഹാസാഗരത്തെ ഗൂഗിൾ ഒരു കുടത്തിനുള്ളിലാക്കി നമുക്കൊക്കെ തുള്ളികളായി നൽകി പറ്റിക്കുകയാണെന്ന് അവർ വിശ്വസിച്ചു. അങ്ങനെ ആൻഡ്രോയ്ഡിനുള്ളിൽ നിന്ന് ഗൂഗിളിനെതിരായി ആൻഡ്രോയ്ഡ് രക്ഷാസമരം തുടങ്ങി. ഡെവലപ്പർമാരുടെയും ഹാക്കർമാരുടെയും സന്ധിയില്ലാ സമരം ! അത് ചെയ്യരുത്, ഇത് ചെയ്യരുത്, അങ്ങനെ ചെയ്താൽ വാറന്റി പോകും, ഇങ്ങനെ ചെയ്താൽ വൈറസ് കയറും എന്നൊക്കെയുള്ള മുന്നറിയിപ്പുകൾ കൊണ്ട് ഗൂഗിളും സഹകരണ സ്ഥാപനങ്ങളും മറച്ചുവച്ചിരിക്കുന്ന ആൻഡ്രോയ്ഡിന്റെ അഭൂതപൂർവമായ കഴിവുകളെ (എല്ലാം ലിനക്സിന്റെ അനുഗ്രഹം) വലിച്ചു പുറത്തിട്ട് ഉന്മാദനൃത്തം ചവിട്ടുകയാണ് ഇവർ. ലോകത്തെ മുൻനിര കമ്പനികൾ പുറത്തിറക്കുന്ന ഫോണുകളിൽ നിന്ന് ഗൂഗിളിന്റെ ആൻഡ്രോയ്ഡ് വേരോടെ പിഴുതെറിഞ്ഞ് പകരം ഗൂഗിൾഫിക്കേഷനില്ലാത്ത ശുദ്ധ ആൻഡ്രോയ്ഡ് അവർ അതിൽ സ്ഥാപിക്കുന്നു. ആൻഡ്രോയ്ഡ് റൂട്ട് ചെയ്ത് അതിലെ ഗൂഗിളിന്റെ ആദിപാപങ്ങൾ ചുരണ്ടിമാറ്റി സ്വതന്ത്രമാക്കുന്നു. പ്ലേ സ്റ്റോറിന്റെ പടിചവിട്ടാൻ സമ്മതിക്കാത്ത ആയിരക്കണക്കിന് ആപ്പുകൾ സ്വതന്ത്രമായി, സൗജന്യമായി ഡൗൺലോഡിങ്ങിനു നൽകുന്നു. ഇതു വല്ലതും നിങ്ങളറിയുന്നുണ്ടോ ?
Comments