99 ഫോണുകള്‍ കൊണ്ട് വ്യാജ ട്രാഫിക് ജാം; ഗൂഗിള്‍ മാപ്പിനെ പറ്റിച്ച് ഒരാള്‍ |VIDEO
യാത്രകൾക്ക് ലോകമെമ്പാടുമുള്ള യാത്രികർ ആശ്രയിക്കുന്ന ഗതിനിർണയ സേവനമാണ് ഗൂഗിൾ മാപ്പ്. എളുപ്പവഴി തിരിച്ചറിയാനും വഴികളിളെ ഗതാഗതക്കുരുക്ക് മുൻകൂട്ടിയറിയാനും പെട്രോൾ പമ്പ്, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ തുടങ്ങി യാത്രികർക്കാവശ്യമുള്ള നിരവധി വിവരങ്ങൾ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് അറിയാൻ സാധിക്കും.
എന്നാൽ വളരെ എളുപ്പം കബളിപ്പിക്കപ്പെടാനിടയുള്ളതും അതുവഴി തെറ്റായ വിവരങ്ങൾ നൽകാൻ സാധ്യതയുള്ളതുമായ സേവനമാണ് ഗൂഗിൾ മാപ്പ് എന്ന് വ്യക്തമാക്കുന്നതാണ് ബർലിൻ സ്വദേശിയായ സൈമൺ വെക്കെർട്ട് എന്നയാളുടെ പരീക്ഷണം.
99 ഫോണുകൾ ഉപയോഗിച്ച് കാലിയായ റോഡിൽ വ്യാജ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് സൈമൺ ഗൂഗിൾ മാപ്പിനെ കബളിപ്പിച്ചു. ഒരു ഉന്തുവണ്ടിയിൽ ലൊക്കേഷൻ ഓൺ ആക്കിയ നൂറ് ആൻഡ്രോയിഡ് സ്മാർട്ഫോണുകൾ നിറച്ച് ബർലിനിലെ ഗൂഗിൾ ഓഫീസിന് പുറത്തുള്ള തിരക്കില്ലാത്ത റോഡുകളിലൂടെ സൈമൺ നടന്നു.
ഉന്തുവണ്ടി വലിച്ച് പതുക്കെയുള്ള നടത്തവും 99 ഓളം ഫോണുകൾ ഒരേ ലൊക്കേഷനിൽ നിന്നും കണക്റ്റ് ചെയ്യപ്പെട്ടതും കാരണം ആ റോഡിൽ ഗതാഗതക്കുരുക്കുണ്ടെന്ന് ഗൂഗിൾ മാപ്പ് തെറ്റിദ്ധരിച്ചു. സൈമൺ നടന്നുകൊണ്ടിരിക്കുന്ന തിരക്കില്ലാത്ത റോഡുകളിൽ ശക്തമായ ഗതാഗതക്കുരുക്ക് അടയാളപ്പെടുത്തുന്ന ചുവന്ന വരയാണ് ഗൂഗിൾ മാപ്പ് കാണിച്ചത്.
ഈ പരീക്ഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സൈമൺ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്.
റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിലുള്ളവർ ഉപയോഗിക്കുന്ന ഫോണുകളിൽ നിന്നുള്ള ലൊക്കേഷൻ ഡേറ്റയും സഞ്ചാര വേഗവും പരിശോധിച്ചാണ് ഗൂഗിൾ മാപ്പ് റോഡുകളിലെ ഗതാഗതക്കുരുക്ക് കണ്ടെത്തുന്നത്. സാധാരണ ഗതിയിൽ ഈ സംവിധാനം കബളിപ്പിക്കപ്പെടുന്ന സാഹചര്യം ഉടലെടുക്കാറില്ല. എന്നാൽ സൈമണിനെ പോലെ ഒരാൾ തുനിഞ്ഞിറങ്ങിയാൽ കൃത്യതയോടെ നീങ്ങുന്ന ഗതാഗത സംവിധാനത്തിന്റെ താളം തെറ്റിക്കാൻ അതുമതി. എന്തായാലും ഇങ്ങനെ ഒരു സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ഒരു പ്രശ്നത്തിന് ഗൂഗിൾ പരിഹാരം കാണേണ്ടതായി വരും.
Comments