കൊറോണ വൈറസ് ഇന്‍ഫര്‍മേഷന്‍ ഹബ്ബുമായി വാട്‌സ്ആപ്പ്

ലോകാരോഗ്യ സംഘടന, യുനിസെഫ്, യു.എന്‍.ഡി.പി എന്നീ ആഗോള സംഘടനകളുടെ സഹകരണത്തിലാണ് വാട്‌സ്ആപ്പ് ഇന്‍ഫര്‍മേഷന്‍ ഹബ്ബ് ആരംഭിച്ചിരിക്കുന്നത്...
 കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ഹബ്ബുമായി വാട്‌സ്ആപ്. ലോകാരോഗ്യ സംഘടന, യുനിസെഫ്, യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം എന്നിവയുമായി ചേര്‍ന്നാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപിന്റെ പുതിയ നീക്കം. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഏറ്റവും ആധികാരിക വിവരങ്ങള്‍ കൈമാറുകയെന്ന ലക്ഷ്യത്തിലാണ് വാട്‌സ്ആപ് ഇന്‍ഫര്‍മേഷന്‍ ഹബ് ആരംഭിച്ചിരിക്കുന്നത്.
മുമ്പ് എന്നത്തേക്കാളും വാട്‌സ്ആപിനെ ഇപ്പോള്‍ വിവര കൈമാറ്റത്തിന് ആളുകള്‍ ആശ്രയിക്കുന്നുവെന്ന് തിരിച്ചറിയുന്നതായി വാട്‌സ്ആപ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. അതേസമയം ആധികാരിക വിവരങ്ങള്‍ക്കൊപ്പം അര്‍ധസത്യങ്ങളും അസത്യങ്ങളും ഈ കൊറോണ വൈറസ് കാലത്തും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരമാവധി ആധികാരിക വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് പുതിയ നീക്കമെന്നാണ് വാട്‌സ്ആപ് മേധാവി വില്‍ കാത്ത്കാര്‍ട്ട് പറയുന്നത്.





whatsapp.com/coronavirus എന്ന ലിങ്കിലാണ് വാട്‌സ്ആപ് കൊറോണ വൈറസ് ഇന്‍ഫര്‍മേഷന്‍ ഹബ് ലഭ്യമാവുക. ആരോഗ്യപ്രവര്‍ത്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, സാമൂഹ്യ നേതാക്കള്‍, ലാഭരഹിതസംഘടനകള്‍, പ്രാദേശിക സര്‍ക്കാരുകള്‍, പ്രാദേശിക ബിസിനസുകള്‍ തുടങ്ങി വിവിധ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും വിവരങ്ങളും ഇവിടെ നിന്നും ലഭിക്കുമെന്നാണ് വാട്‌സ്ആപ് അറിയിച്ചിരിക്കുന്നത്.
യഥാര്‍ഥ വസ്തുതകള്‍ തിരിച്ചറിയുന്നതിനും വ്യാജ പ്രചരണങ്ങളെ ഒഴിവാക്കുന്നതിനും ഇത്തരം നീക്കങ്ങള്‍ സഹായിക്കുമെന്നാണ് വാട്‌സ്ആപിന്റെ പ്രതീക്ഷ. ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിനേയും അതാത് രാജ്യങ്ങളിലെ ദേശീയ ആരോഗ്യ മന്ത്രാലയത്തേയും മാത്രം വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഉപയോഗിക്കാനും വാട്‌സ്ആപ് നിര്‍ദേശിക്കുന്നുണ്ട്. ബൃഹത്തായ ലക്ഷ്യത്തിലാണ് വാട്‌സ്ആപ് ഈ ഹബ് തുടങ്ങിയിരിക്കുന്നതെങ്കിലും ഇപ്പോള്‍ പ്രാഥമിക രൂപം മാത്രമേ ലഭ്യമാകുന്നുള്ളൂ.
ഈ കൊറോണ കാലത്ത് വ്യാജസന്ദേശങ്ങള്‍ മുമ്പത്തേക്കാളേറെ വാട്‌സ്ആപിന് തലവേദനയാണ്. അതുകൊണ്ടുതന്നെ ഇന്റര്‍നാഷണല്‍ ഫാക്ട് ചെക്കിംങ് നെറ്റ്‌വര്‍ക്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും വാട്‌സ്ആപ് തീരുമാനിച്ചിട്ടുണ്ട്. IFCNന് ഒരു ദശലക്ഷം ഡോളറാണ് വാട്‌സ്ആപ് പ്രത്യേക സാഹചര്യം പരിഗണിച്ച് സംഭാവനയായി നല്‍കിയിരിക്കുന്നത്.

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .