വരുന്നു ഇലക്ട്രിക് അംബാസഡർ; കൂടുതല്‍ വിരങ്ങള്‍ പുറത്ത്
വാഹന പ്രേമികളുടെ മനസ്സില്‍ ഇന്നും അംബാസഡറിന് പ്രിയങ്കരമായ ഒരു സ്ഥാനമാണ്. സാധാരണക്കാര്‍ മുതല്‍ മന്ത്രിമാര്‍ വരെയുള്ള എല്ലാത്തരം ജനങ്ങളുടേയും ഇഷ്ട വാഹനമായിരുന്നു അംബാസഡര്‍.
ഒരുകാലത്ത് നിരത്തുകളിലെ രാജാക്കന്മാര്‍. പ്രമുഖരും പ്രമാണികളും നിരത്തിലേക്ക് എത്തി തുടങ്ങിയതോടെ സാധാരണക്കാരന്റെ വാഹനത്തിന് അടിതെറ്റി തുടങ്ങി. എങ്കിലും ഒരു പരിധി വരെ ഇവരുടെ ഇടയില്‍ പിടിച്ച് നില്‍ക്കാന്‍ വാഹനത്തിന് സാധിച്ചു.
എന്നാല്‍ അടുത്തിടെ നമ്മള്‍ വാര്‍ത്തകളില്‍ കണ്ടിരുന്നു, അംബി തിരിച്ചുവരുന്നതായി. ന്യുജെന്‍ പിള്ളാരുടെ ഒപ്പം പിടിച്ച് നില്‍ക്കാനായി ഒരു കിടിലന്‍ മെയ്ക്ക് ഓവര്‍ നല്‍കിയാണ് വാഹനത്തെ അവതരിപ്പിച്ചത്.
ഡിസി2 എന്ന ഡിസി ഡിസൈന്‍ കമ്പനിയാണ് അംബിക്ക് പുതിയ മെയ്ക്ക് ഓവര്‍ സമ്മാനിച്ചതും. അംബാസഡറിനെ ഇലക്ട്രിക് ആക്കിയാണ് ഡിസി2 കണ്‍സെപ്റ്റ് രൂപം ഡിസൈന്‍ ചെയ്തത്.
മോഡലിനെ വിപണിയില്‍ എത്തിക്കുമെന്ന് പ്രസിദ്ധനായ കാര്‍ ഡിസൈനര്‍ ദിലീപ് ചാബ്രി അറിയിച്ചിരുന്നു. എന്നാല്‍ അത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഉടന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നവരെ സങ്കടപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്
റിപ്പോര്‍ട്ട് അനുസരിച്ച് 2020 -ഓടെ മാത്രമേ വാഹനം വിപണിയില്‍ എത്തുകയുള്ളു. നിലവിലെ സാഹചര്യമാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യഥാര്‍ത്ഥ അംബാസഡറിനെക്കാള്‍ 125 mm വീതിയും 170 mm നീളവും കൂടുതലാണ് ഡിസി2-ന്റെ ഇലക്ട്രിക് അംബാസഡറിന്. അംബാസഡറിന്റെ രൂപത്തിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇലക്ട്രിക് അംബിയുടെ ഡിസൈന്‍.
വലിയ ഗ്രില്ലും എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും മുന്‍വശത്തെ മനോഹരമാക്കും. വശങ്ങളില്‍ വലിയ മസ്‌കുലറായ വീല്‍ ആര്‍ച്ചുകളും മനോഹരമായ അലോയി വീലുകളും നല്‍കിയിട്ടുണ്ട്.
ടെസ്‌ല കാറുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഡോര്‍ ഹാന്‍ഡിലുകളാണ് മറ്റൊരു സവിശേഷത. പിന്നിലും വലിയ ബുട്ട്ഡോറും എല്‍ഇഡി ടെയില്‍ ലാംമ്പുകളും നല്‍കിയിട്ടുണ്ട്. പ്ലാറ്റ്ഫോമിലാണ് ഇലക്ട്രിക് അംബിയുടെ ബാറ്ററി ഘടിപ്പിച്ചിരിക്കുന്നത്.
അകത്തളവും ആഡംബരം നിറഞ്ഞതാണ്. 2008 -ല്‍ നടന്ന ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഡിസി പ്രദര്‍ശിപ്പിച്ച ഹോട്റോഡ് അംബിയുമായി ഏറെ സാമ്യമുണ്ട് പുതിയ കണ്‍സെപ്റ്റ് മോഡലിനും. ഇലക്ട്രിക് അംബാസിഡര്‍ പൂര്‍ണ്ണമായും സ്വിസ് നിര്‍മ്മാതാവാണ് എഞ്ചിനീയറിംഗ് ചെയ്തതെന്ന് ദിലീപ് ചബ്രിയ വ്യക്തമാക്കി.
കൂടാതെ, കാറിലെ എല്ലാ ഇലക്ട്രിക്കല്‍ കാര്യങ്ങളും സ്വിസ് കമ്പനിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതേസമയം ഏതാണ് ഈ സ്വിസ് കമ്പനി എന്ന് ദിലീപ് ചബ്രിയ വ്യക്തമാക്കിയിട്ടില്ല.
5,000 യൂണിറ്റ് ഇലക്ട്രിക്ക് കാറുകള്‍ ഉത്പാദിപ്പിച്ച് ലോകമെമ്പാടും കയറ്റുമതി ചെയ്യാന്‍ ആണ് ഡിസി2 പദ്ധതിയിടുന്നത്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 30 ലക്ഷം രൂപ മുതല്‍ 35 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം
Comments