ഒറിജിനല്‍ ബാങ്കിന്റെ അതേമാതൃകയില്‍ കൗമാരക്കാരന്‍ വ്യാജബ്രാഞ്ച് തുറന്നു; ഒറിജിനല്‍ എസ്ബിഐ എത്തി ബ്രാഞ്ച് പൂട്ടി
സ്പാനിഷ് സീരീസ് ആയ മണി ഹെയ്സ്റ്റിനെ (La casa de papel) നെ അനുസ്മരിപ്പിക്കുന്ന യഥാർത്ഥ സംഭവം ആണ് തമിഴ്നാട് നടന്നത്
യഥാര്‍ഥ എസ്ബിഐ ബ്രാഞ്ചിന്റെ അതേമാതൃകയില്‍ വ്യാജബ്രാഞ്ച് തുറന്ന കൗമാരക്കാരന്‍ പിടിയില്‍. മുന്‍ എസ്ബിഐ ജീവനക്കാരന്റെ മകനായ 19 വയസുകാരന്‍ കമല്‍ബാബുവാണ് ലോക്കറുകളും കമ്പ്യൂട്ടറുകളും ഫര്‍ണ്ണീച്ചറുകളും ബാങ്ക് രേഖകളും സംഘടിപ്പിച്ച് വ്യാജബ്രാഞ്ച് തുറന്നത്. തമിഴ്‌നാട് പാനുരുട്ടിയിലാണ് സംഭവം. കമല്‍ ബാബുവിനെ കുമാര്‍, മാണിക്യന്‍ എന്ന രണ്ട് സുഹൃത്തുക്കള്‍ സഹായിച്ചിരുന്നു. സുഹൃത്തുക്കളില്‍ നിന്നുമാണ് സാധനസാമഗ്രികള്‍ സംഘടിപ്പിച്ചതെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.
പുത്തന്‍ എസ്ബിഐ ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങളില്‍ അസ്വാഭാവികത തോന്നിയ നാട്ടുകാര്‍ യഥാര്‍ഥ എസ്ബിഐയില്‍ വിളിച്ച് സത്യാവസ്ഥ ചോദിച്ചറിയുകയായിരുന്നു. തങ്ങള്‍ക്ക് ആകെ രണ്ട് ബ്രാഞ്ചുകള്‍ മാത്രമാണ് പാനുരുട്ടിയിലുള്ളതെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം. ഉടന്‍തന്നെ വ്യാജബ്രാഞ്ച് നേരിട്ട് കണ്ട് ബോധ്യപ്പെടാന്‍ എസ്ബിഐയുടെ സോണല്‍ ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി.
ബാങ്ക് തലപ്പത്തുള്ളവരെപ്പോലും അത്ഭുതപ്പെടുത്തുംവിധമാണ് കൗമാരക്കാരന്‍ വ്യാജബ്രാഞ്ച് സജ്ജീകരിച്ചതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങളുടെ യഥാര്‍ഥ ബ്രാഞ്ച് ഓഫീസ് പോലെതന്നെയാണ് പ്രതി വ്യാജഓഫീസ് ചിട്ടപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പോലീസിനോട് വിശദീകരിച്ചു.
വ്യാജബ്രാഞ്ച് തുടങ്ങുന്നതിന് പിന്നിലെ പ്രധാന സൂത്രധാരനായ കമലിന്റെ അച്ഛനും അമ്മയും ബാങ്ക് ജീവനക്കാരായിരുന്നു. എസ്ബിഐ ജീവനക്കാരനായിരുന്ന കമലിന്റെ അച്ഛന്‍ പത്ത് വര്‍ഷങ്ങള്‍ക്കുമുന്‍പ് മരിച്ചുപോയിരുന്നു. ഒരു പ്രിന്റിംഗ് പ്രസ് നടത്തിവന്നിരുന്ന സുഹൃത്തിന്‍ നിന്നാണ് രസീതുകളും മറ്റ് രേഖകളും സംഘടിപ്പിച്ചതെന്ന് കമല്‍ പൊലീസിനോട് വെളിപ്പെടുത്തി.
നാട്ടുകാരുടേയും ബാങ്ക് ഉദ്യോഗസ്ഥരുടേയും പരാതിയെത്തുടര്‍ന്ന് പാനുരുട്ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ അംബേദ്കറുടെ നേതൃത്വത്തിലുള്ള സംഘമാണ് കമല്‍ബാബു ഉള്‍പ്പടെ മൂന്നുപേരെ പിടികൂടിയത്. വ്യാജബ്രാഞ്ചില്‍ ഒരുവിധത്തിലുള്ള പണമിടപാടുകളും നടന്നിട്ടില്ലെന്നും ആര്‍ക്കും പണം നഷ്ടമായിട്ടില്ലെന്നും എസ്ബിഐ സ്ഥിരീകരിച്ചിട്ടുണ്ട്.
Comments