തെരഞ്ഞെടുപ്പ് വരുന്നു; വോട്ടർ ഐഡിയിലെ ഫോട്ടോ എങ്ങനെ അപ്ഡേറ്റ് ചെയ്യാം? ഓൺലൈനായി തന്നെ നിങ്ങൾക്ക് വോട്ടർ ഐഡിയിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യാം
സർക്കാർ നൽകുന്ന സുപ്രധാന രേഖകളിലൊന്നാണ് വോട്ടർ കാർഡ് അഥവ ഇലക്ഷന്‍ കാർഡ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഈ രേഖ ഇന്ത്യൻ പൗരന്‍റെ പ്രധാന തിരിച്ചറിയൽ രേഖ കൂടിയാണ്. പാസ്പോർട്ട് എടുക്കുന്നത് അടക്കം വിവിധ ആവശ്യങ്ങൾക്കായി നമ്മുടെ വ്യക്തിത്വം, വിലാസം, വയസ് എന്നിവ തെളിയിക്കുന്ന രേഖയായി ഇതുപയോഗപ്പെടുത്താം. ടി.എൻ.ശേഷൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന 1993ലാണ് രാജ്യത്ത് ആദ്യമായി വോട്ടർ കാർഡ് അവതരിപ്പിക്കുന്നത്.
രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ ഈ രേഖ നിർബന്ധമാണ്. പല ആളുകളുടെയും വോട്ടർ ഐഡി കാർഡിലെ ഫോട്ടോകൾ ചിലപ്പോൾ കാർഡ് എടുത്ത സമയത്തുള്ളത് തന്നെയായിരിക്കും. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഈ ഫോട്ടോകൾ മാറ്റി പുതിയ ഫോട്ടോ അപ്ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നവരും ഉണ്ടാകും. അതിനായി അധികം പ്രയാസം ഒന്നും വേണ്ട. ഓൺലൈനായി തന്നെ നിങ്ങൾക്ക് വോട്ടർ ഐഡിയിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യാം.
വോട്ടർ ഐഡിയുമായി ബന്ധപ്പെട്ട് എന്ത് തിരുത്തലുകള്‍ വേണമെങ്കിലും ഓൺലൈൻ വഴി തന്നെ നടത്താം. ഇതിനായി കേന്ദ്രസര്‍ക്കാരിന്‍റെ നാഷണൽ വോട്ടേഴ്സ് സര്‍വീസ് പോർട്ടലിൽ ഓൺലൈനായി തന്നെ രജിസ്റ്റർ ചെയ്യണം.
ഫോട്ടോ അപ്ഡേറ്റ് ചെയ്യാനുള്ള രീതി:
വോട്ടർസർവീസ് ഔദ്യോഗിക വെബ്സൈറ്റായ https://www.nvsp.in/ സന്ദര്‍ശിക്കുക
ഇവിടെ ഇടതുഭാഗത്ത് കാണുന്ന ഓപ്ഷനുകളിൽ “Correction of entries" സെലക്ട് ചെയ്യുക
തുടർന്ന് “Form 8” സെലക്ട് ചെയ്യുക. അപ്പോൾ ഒരു ഫോം ഓപ്പൺ ആകും
അവിടെ സംസ്ഥാനം, അസംബ്ലി, മണ്ഡലം എന്നിവ തെരഞ്ഞെടുക്കണം
ഫോമിൽ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നൽകിയ ശേഷം 'ഫോട്ടോഗ്രാഫ്' ഓപ്ഷൻ സെലക്ട് ചെയ്യണം
പേര്, വിലാസം, വോട്ടർ ഐഡി കാർഡ് നമ്പർ അടക്കം വ്യക്തി വിവരങ്ങൾ നൽകുക
തുടർന്ന് ആവശ്യപ്പെടുന്ന രേഖകൾ അപ്ലോഡ് ചെയ്യണം. ഒപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും.
ഫോട്ടോ അപ്ലോഡ് ചെയ്തു കഴിയുമ്പോൾ ഇമെയിൽ ഐഡി, ഫോൺ നമ്പർ, സ്ഥലം എന്നിവ ചോദിക്കും.
തുടർന്ന് അപേക്ഷ സമർപ്പിക്കുന്ന തീയതി രേഖപ്പെടുത്തണം
അതിനുശേഷം സബ്മിറ്റ് ക്ലിക്ക് ചെയ്യുക.
എല്ലാം ശരിയായി പൂർത്തിയാക്കി കഴിയുമ്പോൾ നിങ്ങള്‍ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ-ഇ-മെയിൽ വിലാസത്തിലേക്ക് ഒരു കൺഫർമേഷൻ മെസേജ് ലഭിക്കും.
Comments