കേരളത്തിലെ ആദ്യ വിമാന ദുരന്തം നടന്നത് ചേളാരി വിമാനത്താവളത്തിൽ
തേഞ്ഞിപ്പലം ∙ മലപ്പുറം ജില്ലയിൽ വിമാന ദുരന്തം ഇത് രണ്ടാം തവണ.1969 ജനുവരി 17ന് രാവിലെ 7.5ന് കാലിക്കറ്റ് സർവകലാശാലയ്ക്കടുത്ത ചേളാരി എയർ സ്ട്രിപ്പിൽ ആയിരുന്നു ആദ്യത്തേത്. പൈലറ്റ് റിട്ട. വിങ് കമാൻഡർ ഫിറോസ് മേത്തയും കോ– പൈലറ്റ് ജി.കെ.റെഢിയും അന്ന് അപകടത്തിൽ തൽക്ഷണം മരിച്ചു.
ചേളാരി എയർ സ്ട്രിപ്പിൽ ഹിന്ദു ദിനപത്രത്തിന്റെ കെട്ടുകൾ ഇറക്കി റൺവേയുടെ മധ്യത്തിൽ നിന്ന് ഉയർന്ന വിമാനം നിമിഷങ്ങൾക്കകം നിലം പതിക്കുകയായിരുന്നു.
റൺവേയിൽ നിന്ന് 50 അടി അകലെയുള്ള വീട്ടുവളപ്പിലെ മതിലിൽ മൂക്കുകുത്തി വീണതിനെ തുടർന്ന് പൈലറ്റും കോ– പൈലറ്റും പുറത്തേയ്ക്ക് തെറിച്ച് വീണു.
2 എൻജിനുകളുള്ള വിമാനത്തിന്റെ ഇടത്തേ ചിറകിന്റെ അഗ്രവും പ്രൊപ്പല്ലറുകളും മതിലിന് പുറത്തുള്ള പാറക്കെട്ടുകൾക്കിടയിൽ പതിച്ചു. മരങ്ങൾക്ക് ഇടയിൽ കുരുങ്ങിയ വിമാനത്തിന്റെ വലത്തേ എൻജിനിലെ തീ നാട്ടുകാർ വെള്ളമൊഴിച്ചും മണ്ണ് വാരി എറിഞ്ഞും അണയ്ക്കുകയായിരുന്നു. ബിർള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്ന എയർ സ്ട്രിപ് ഇന്ന് ചേളാരിയിലില്ല. ആ സ്ഥലത്ത് ഐഒസി എൽപിജി ബോട്‌ലിങ് പ്ലാന്റ്, ചേളാരി ചൊവ്വാഴ്ച ചന്ത, തേഞ്ഞിപ്പലം സബ് റജിസ്ട്രാർ ഓഫിസ് എന്നിവ പ്രവർത്തിക്കുന്നു.
Comments