വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.
കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്നൽ ഫൗണ്ടേഷൻ, സിഗ്നൽ മെസഞ്ചർ എൽഎൽസി എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള എൻക്രിപ്റ്റഡ് മെസേജിങ് സേവനമാണ് സിഗ്നൽ. 2014 ലാണ് സിഗ്നൽ പ്രവർത്തനമാരംഭിച്ചത്.
വാട്സാപ്പിന്റെ സഹ സ്ഥാപകരിൽ ഒരാളായ ബ്രയാൻ ആക്ടൻ, മോക്സി മർലിൻസ്പൈക്ക് എന്നിവർ ചേർന്നാണ് സിഗ്നലിന് വേണ്ടി സിഗ്നൽ ഫൗണ്ടേഷൻ എന്നൊരു ലാഭേതര സംഘടനയ്ക്ക് തുടക്കമിട്ടത്.
ബ്രയാൻ ആക്ടണും ജാൻ കോമും ചേർന്ന് വികസിപ്പിച്ച വാട്സാപ്പ് 2014 ലാണ് ഫെയ്സ്ബുക്ക് ഏറ്റെടുക്കുന്നത്. വാട്സാപ്പിൽ നിന്നും ലാഭമുണ്ടാക്കുന്നതിന് ഫെയ്സ്ബുക്ക് മേധാവി സക്കർബർഗിന്റെ നിലപാടുമായി അഭിപ്രായ വ്യത്യാസം വന്നതോടെ ബ്രയാൻ ആക്ടണും ജാൻ കോമും കമ്പനി വിടുകയായിരുന്നു. 2017 ലാണ് ഫെയ്സ്ബുക്കിൽ നിന്നും രാജിവെച്ചത്.വാട്സാപ്പ്, ടെലഗ്രാം പോലെ ഇന്റർനെറ്റ് വഴി രണ്ട് വ്യക്തികൾ തമ്മിലും വ്യക്തിയും ഗ്രൂപ്പുകൾ തമ്മിലും ആശയവിനിമയം നടത്താൻ ഈ ആപ്പിലൂടെ സാധിക്കും. വോയ്സ് കോൾ, വീഡിയോ കോൾ സൗകര്യങ്ങളും ഇതിലുണ്ട്. ആൻഡ്രോയിഡ്, ഐഓഎസ്, ഡെസ്ക്ടോപ്പ് പതിപ്പുകളിൽ ഇത് ലഭ്യമാണ്.
വാട്സാപ്പിലെ പോലെ തന്നെ ടെക്സ്റ്റ് മെസേജുകൾ, ചിത്രങ്ങൾ, വീഡിയോകൾ, ഫയലുകൾ, ജിഫുകൾ പോലുള്ളവ കൈമാറാനുള്ള സൗകര്യം സിഗ്നലിലും ഉണ്ട്.
ഫോൺ നമ്പറുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ സാധിക്കുന്ന ഈ സേവനത്തിൽ എന്റ് റ്റു എന്റ് എൻക്രിപ്ഷൻ സംരക്ഷണവുമുണ്ട്. സുരക്ഷിതമായി എസ്എംഎസ് അയക്കാനും ഉപയോഗിക്കാം.ഇത് കൂടാതെ ഫോണിലെ ഡിഫോൾട്ട് എസ്എംഎസ് എംഎംഎസ് ആപ്ലിക്കേഷനായും സിഗ്നലിനെ ഉപയോഗിക്കാം. ഇതുവഴി എസ്എംഎസ് സന്ദേശങ്ങളും എൻക്രിപ്റ്റഡ് ആയി അയ്ക്കാനാവും. അതിന് മറുഭാഗത്തുള്ളവരും സിഗ്നൽ എസ്എംഎസുകൾക്ക് വേണ്ടി ഉപയോഗിക്കണം എന്നുമാത്രം.
മറ്റ് സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി സൗജന്യമായ ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് സിഗ്നൽ തയ്യാറാക്കിയിരിക്കുന്നത്. ഇതാണ് സിഗ്നൽ ആപ്പിന് മേൽ ഉപയോക്താക്കളുടെ വിശ്വാസ്യത വർധിപ്പിക്കുന്നത്. ആപ്പിന്റെ ഓപ്പൺസോഴ്സ് കോഡ് ആർക്കും പരിശോധിക്കാവുന്നതാണ്.
Comments