Android os

മൊബൈല്‍ ഫോണിന്റെ പ്രചാരം നമ്മുടെ ജീവിതത്തെ ആകെ മാറ്റി മറിച്ചു എന്ന് പറയാം. മൊബൈല്‍ ഫോണ്‍ ഇല്ലാതെ ഒരു ദിവസം ആര്‍ക്കും ഇന്ന് മുന്നോട്ട് പോകാന്‍ കഴിയില്ല. മൊബൈല്‍ ഫോണ്‍ കൈയ്യില്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ ബാഹ്യലോകവുമായി 24 മണിക്കൂറും സമ്പര്‍ക്കത്തിലാണ്.  അതിന്റെ അര്‍ത്ഥം നമ്മള്‍ മുമ്പത്തെക്കാളും ഇന്ന് സുരക്ഷിതബോധം അനുഭവിക്കുന്നു എന്നാണ്.  എന്ത് പറ്റിയാലും ഉടന്‍ തന്നെ ആരെയെങ്കിലും വിവരം അറിയിക്കാന്‍ നമുക്ക് സാധിക്കുന്നു. എന്നാല്‍ ഇന്ന് മൊബൈല്‍ എന്നാല്‍ ഫോണ്‍ ചെയ്യാന്‍ മാത്രമുള്ള ഉപകരണമല്ല. പോക്കറ്റില്‍ കൊണ്ടുനടക്കുന്ന ഒരു മിനി കമ്പ്യൂട്ടര്‍ തന്നെയാണ് ഇന്ന് മൊബൈല്‍ ഫോണുകള്‍.

അത്കൊണ്ട് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ഇന്ന് ഏറെ ചിന്തിക്കാനുണ്ട്.  ഏത് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആണ് വേണ്ടത് എന്നാണ് തീരുമാനിക്കാനുള്ളത്.  എന്താണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം (OS) എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്?

ഹാര്‍ഡ്‌വേര്‍ - സോഫ്റ്റ്‌വേര്‍  എന്ന് കേള്‍ക്കാത്ത ആളുകള്‍ ചുരുക്കമായിരിക്കും.  ഹാര്‍ഡ്‌വേര്‍ എന്നാല്‍ നമ്മള്‍ കാണുന്ന ഉപകരണത്തിന്റെ എല്ലാ ഭാഗങ്ങളും ചേര്‍ന്നതാണ്. ഉദാഹരണത്തിന് കമ്പ്യൂട്ടറിന്റെ മോണിട്ടര്‍ , സി.പി.യു., കീബോര്‍ഡ്, മൌസ് , മദര്‍ബോര്‍ഡ് പിന്നെ അതിന്റെ ഉള്ളിലുള്ള എല്ലാ സാധനങ്ങളും ചേര്‍ന്നതാണ് ഹാര്‍ഡ്‌വേര്‍. നമുക്ക് അവ സ്പര്‍ശിക്കാന്‍ കഴിയും. എന്നാല്‍ സോഫ്റ്റ്‌വേര്‍ നമുക്ക് സ്പര്‍ശിക്കാന്‍ കഴിയില്ല.

സോഫ്റ്റ്‌വേര്‍ എന്നാല്‍ പ്രോഗ്രാമുകളാണ്. ഒരു കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണിലുള്ള ഒരു ആപ്ലിക്കേഷന്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് നിര്‍ദ്ദേശം കൊടുക്കുന്നത് പ്രോഗ്രാമുകള്‍ ആയിട്ടാണ്. എന്നാല്‍ കമ്പ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതിനും ഒരു പ്രോഗ്രാം വേണം. ആ പ്രോഗ്രാമാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. ഓ.എസ്സ്. എന്നു ചുരുക്കി പറയും. വിന്‍ഡോസ് ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. ഓപ്പറേറ്റിങ്ങ് സിസ്റ്റവും പ്രോഗ്രാം ആണ്. ഓയെസ്സിനെ പ്ലാറ്റ്ഫോം എന്നും പറയാറുണ്ട്.  സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍മാര്‍ എഴുതിയുണ്ടാക്കുന്നതാണ് പ്രോഗ്രാമുകള്‍.

ഇത്രയും പറഞ്ഞതില്‍ നിന്ന് എന്താണ് മനസ്സിലായത്?  ഒരു കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതില്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന പ്രോഗ്രാം വേണം. മറ്റ് പ്രോഗ്രാമുകള്‍ അഥവാ സോഫ്റ്റ്വേറുകള്‍ ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.  എന്ന പോലെ മൊബൈലിലും ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം വേണം.  നോകിയ ഫോണ്‍ അവരുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ സിംബ്യന്‍ (Symbian) എന്ന പ്ലാറ്റ്ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ അവര്‍ വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലേക്ക് മാറുകയാണ്. ബ്ലാക്ക്ബെറിക്ക് അവരുടെ സ്വന്തം ഓയെസ്സ് ഉണ്ട്.  ആപ്പിള്‍ കമ്പനിയുടെ ഐഫോണിന് അവരുടെ ഓയെസ്സ് ( iOS) ഉണ്ട്.  ഈ പറഞ്ഞ ഓപ്പറേറ്റിങ്ങ് സിസ്റ്റം എല്ലാം സ്വകാര്യ പ്രോഗ്രാമുകള്‍ ആണ്.

എന്നാല്‍ ആന്‍ഡ്രോയ്ഡ് സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ആണ്.  ഓപ്പന്‍ സോഫ്റ്റ്‌വേര്‍ എന്ന് പറയും. ആ സോഫ്റ്റ്വേറിന്റെ സോഴ്സ് കോഡ് ആര്‍ക്കും ലഭ്യമാണ്. ആര്‍ക്കും വികസിപ്പിക്കാവുന്നതും പരിഷ്ക്കരിക്കാവുന്നതുമായ പ്രോഗ്രാമുകളെയാണ് ഓപ്പന്‍ സോഫ്റ്റ്വേര്‍ എന്ന് പറയുന്നത്.  ആന്‍ഡ്രോയ്ഡും സ്വകാര്യ സോഫ്റ്റ്വേര്‍ ആയിരുന്നു. 2003 ല്‍ Android Incorporation എന്ന അമേരിക്കന്‍ കമ്പനിയാണ് ഈ സോഫ്റ്റ്വേര്‍ വികസിപ്പിച്ചത്. പിന്നീട് 2005ല്‍ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് കമ്പനിയെ വിലക്ക് വാങ്ങി.  ഗൂഗിള്‍ എന്നാല്‍ തികച്ചും ഒരു സോഫ്റ്റ്വേര്‍ അധിഷ്ഠിത കമ്പനിയാണ്.  അവര്‍ ഹാര്‍ഡ്‌വേര്‍ ഒന്നും നിര്‍മ്മിക്കുന്നില്ല. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിച്ചുകൊണ്ട് ഗൂഗിള്‍ നെക്സസ് എന്ന പേരില്‍ മൊബൈല്‍ ഫോണ്‍ പുറത്തിറക്കി.  ആ ഫോണ്‍ പക്ഷെ നിര്‍മ്മിച്ചത് ഗൂഗിളിന് വേണ്ടി HTC എന്ന കമ്പനിയാണ്.  ആന്‍ഡ്രോയ്ഡ് കമ്പനിയെ  വാങ്ങിയെങ്കിലും ആ സോഫ്റ്റ്‌വേര്‍ ഗൂഗിള്‍ പബ്ലിക്ക് ലൈസന്‍സ് പ്രകാരം ആര്‍ക്കും ഉപയോഗിക്കാന്‍ അനുവദിക്കുകയായിരുന്നു. അതിന്റെ ഫലമായി എത്രയോ കമ്പനികള്‍ ഇന്ന് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നിര്‍മ്മിക്കുന്നു.

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ ജാവ പ്രോഗ്രാം ഉപയോഗിച്ച് പല തരത്തിലുള്ള ആപ്ലിക്കേഷനുകളും ഗെയിമുകളും രൂപകല്പന ചെയ്യാന്‍ പറ്റും. അങ്ങനെ ഇന്ന് ലക്ഷക്കണക്കിന് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ഉണ്ട്.  ആന്‍ഡ്രോയ്ഡ് ഫോണ്‍ കൈവശമുള്ള ആള്‍ക്ക് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്ന് ആവശ്യമുള്ള ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ചില ആപ്ലിക്കേഷനുകള്‍ക്ക് നാമമാത്രമായ വില കൊടുക്കേണ്ടി വരും എന്ന് മാത്രം. ഗൂഗിള്‍ ആക്കൌണ്ട് ഉള്ള ആര്‍ക്കും ഇങ്ങനെ ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്ന് ആപ്പ്സ് ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം.

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .