വൈഫി/ത്രീ ജി/4ജി വീക്ക് സിഗ്നൽ: ഒരു പരിഹാരം
പലരുടെയും കയ്യിലുള്ള ഫോണുകൾക്ക് ചിലപ്പോൾ മൂന്നോ നാലോ കൊല്ലം പഴക്കം ഉണ്ടാവും. പിന്നെ പിന്നെ വൈഫിയും 3ജിയും 4ജിയും സിഗ്നൽ കമ്മിയായി വരും. റൗട്ടറിന്റെ അടുത്ത് പോയിരുന്നാലും ഒന്നോ രണ്ടോ പുള്ളി കിട്ടിയാലായി.
എനിക്കും ഇത് പോലെ സംഭവിച്ചു. റൂമുകളിൽ ഈ വക കണക്ഷൻ ഒന്നും കിട്ടുന്നില്ല. എന്റെ പഴയ നോട്ട് 3 യിൽ പഠിച്ച പണി പതിനെട്ടും നോക്കി. മൂന്ന് തവണ ബേസ് ബാന്റ് (ഇതൊരു സോഫ്റ്റ് വെയർ ആണ്) പിന്നെ മോഡം സോഫ്റ്റ്വെയറും മാറ്റി. മാർഷ് മാലോ, ലോല്ലിപ്പോപ്പ് തുടങ്ങിയവയുടെ കെർണലും മാറ്റി നോക്കി (അഥവാ കെർണൽ ഇടപെടുന്നുണ്ടെങ്കിലോ). യാതൊരു ഫലവുമില്ല.
അങ്ങനെയാണ് ഈ സാധനം തുറന്ന് നോക്കാൻ തോന്നിയത്. ബാറ്ററിയും സിമ്മും മെമ്മറി കാർഡും മാറ്റി പ്രിസിഷൻ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് 12 സ്ക്രൂവും അഴിച്ച് വൈഫി/3ജി/4ജി/ജിപിഎസ് തുടങ്ങിയവയുടെ ആന്റിന കണ്ടെത്തിയത്. നമ്മുടെ പവർ പ്ലഗുകളിലും അഡാപ്റ്ററുകളിലും കാണുന്നത് പോലെ മടക്കി വെച്ച ചെമ്പു തകിടുകളാണ് ഈ ആന്റിനകൾ (ചിത്രത്തിൽ ഉള്ളത് പോലെ) അവ സൂക്ഷ്മമായി മെല്ലെ മുകളിലേക്ക് ബാക്കിയുള്ള ഉരുക്കി ഒറ്റിച്ച സാധനങ്ങളെ ഒന്നും തട്ടാതെ തുറന്ന് നിൽക്കുന്ന ഭാഗം മുകളിലേക്ക് ഉയർത്തി. മറുഭാഗത്തുള്ള സിൽവർ/ഗോൾഡ് കോണ്ടാക്റ്റുകളെ (ഇവ പരന്ന ചെറിയ പ്ലേറ്റുകൾ ആയിരിക്കും) ഒരു സൂചി കൊണ്ട് ചുരണ്ടി വൃത്തിയാക്കി. ഇത് രണ്ടും നന്നായി പ്രസ് ചെയ്യുമ്പോഴാണ് നല്ല സിഗ്നൽ കിട്ടുന്നത്.
എല്ലാം കഴിഞ്ഞ് സ്ക്രൂ മുറുക്കി ഫോൺ ഓൺ ചെയ്തപ്പോൾ അതാ ഫുൾ സിഗ്നൽ. 3 ജിയും 4 ജിയും അത്ര നന്നായില്ല, എന്നാലും നല്ല മാറ്റമുണ്ട് പക്ഷേ വൈഫി ആണ് കുട്ടപ്പനായത്. ഫുൾ സിഗ്നൽ!! പുറത്തെ റോഡിൽ വരെ സാധനം കിട്ടുന്നു. ആകെ പത്ത് മിനിറ്റ് ജോലി.
ധൈര്യമുള്ളവർക്ക് സ്വന്തം റിസ്കിൽ പരീക്ഷിക്കാം. എനിക്ക് യാതൊരു ഉത്തരവാദിത്വവും ഇതിൽ ഉണ്ടായിരിക്കുന്നതല്ല.
ആന്റിന എങ്ങനെയാണെന്ന് കാണിക്കാനാണ് ഈ ചിത്രം. ഇത് ഒരു സാംസങ്ങ് ഗാലക്സി നോട്ട് 2 വിന്റെതാണ്. എന്റേത് 3 ആണ്. ഇതിലെ ആന്റിനകളുടെ സ്ഥാനം നിങ്ങളുടെ മൊബൈലിൽ വ്യത്യസ്തമായിരിക്കും, എന്നാലും ഏതാണ്ട് മുകൾ വശത്ത് ആയിരിക്കും ആന്റിനകൾ.
Comments