രാജ്യത്തെ ടെലികോം സേവനനിരക്കുകൾ ഇനിയും ഉയർന്നേക്കും.
നിലവിൽ ഈ രംഗത്ത് സേവനംനൽകുന്ന കമ്പനികളുടെ ദീർഘകാലനിലനിൽപ്പിന് ഇത് അനിവാര്യമാണെന്ന് വിലയിരുത്തപ്പെടുന്നു. ഒരു ഉപഭോക്താവിൽനിന്ന് ലഭിക്കുന്ന ശരാശരി വരുമാനം ഉയരാതെ പിടിച്ചുനിൽക്കാനാവില്ലെന്നാണ് കമ്പനികൾ പറയുന്നത്.
എ.ജി.ആർ. കുടിശ്ശികയുടെ പേരിൽ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന കമ്പനിയാണ് വൊഡാഫോൺ ഐഡിയ. സർക്കാർ സഹായത്തോടെ കമ്പനിയെ ഇപ്പോൾ രക്ഷിച്ചെടുത്താലും ഉയർന്ന കടബാധ്യതയുള്ള കമ്പനിക്ക് ആറു മാസത്തിലധികം മുന്നോട്ടു പോകാനാകില്ലെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ നിരക്കുകൾ വർധിപ്പിച്ച് വരുമാനം ഉയർത്തുകയല്ലാതെ മറ്റുവഴികളില്ലെന്നും കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ടെലികോം കമ്പനികളെ സഹായിക്കാൻ പ്രത്യേകനിധി തയ്യാറാക്കുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട്. ഇതിൽനിന്ന് വായ്പയെടുത്ത് എ.ജി.ആർ. കുടിശ്ശിക തീർക്കാനാണ് ആലോചന. സ്പെക്ട്രം യൂസേജ് ചാർജും ലൈസൻസ് ഫീയും അടയ്ക്കുന്നതിനുള്ള സമയം നീട്ടിനൽകുന്നതാണ് ചർച്ചയിലുള്ള മറ്റൊരുവഴി. ധനമന്ത്രിയെയും ടെലികോം സെക്രട്ടറിയെയും കണ്ട് ചർച്ച നടത്തിയ ടെലികോം കമ്പനി മേധാവികൾ നൽകിയ നിർദേശങ്ങളും സർക്കാർ പരിഗണിച്ചുവരികയാണ്.
ടെലികോം കമ്പനികൾ എല്ലാരീതിയിലും ലഭിക്കുന്ന വരുമാനം (എ.ജി.ആർ) തിട്ടപ്പെടുത്തി അതിന്റെ എട്ടുശതമാനം ലൈസൻസ് ഫീസായും നാലുശതമാനം സ്പെക്ട്രം യൂസേജ് ചാർജായും നൽകണമെന്നാണ് നിയമം. ടെലികോം സേവനങ്ങളിൽനിന്നുള്ള വരുമാനം മാത്രമേ ഇതിനു പരിഗണിക്കാവൂ എന്നായിരുന്നു കമ്പനികളുടെ ആവശ്യം. ഇതുസംബന്ധിച്ച തർക്കമാണ് സുപ്രീംകോടതിയിലെത്തിയതും 14 വർഷത്തോളം നീണ്ട നിയമയുദ്ധത്തിന് വഴിയൊരുക്കിയതും. ഈ കേസിലെ സർക്കാരിന് അനുകൂലമായ വിധിയാണ് കമ്പനികളെ ഇപ്പോൾ പ്രതസിന്ധിയിലാക്കിയിട്ടുള്ളത്
Comments