സൗദിയിൽ മൊബൈലും ഇന്റർനെറ്റുമുള്ള പ്രവാസിയാണെങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.

സൗദി അറേബ്യ: നിങ്ങൾക്ക് വളരെ നിസ്സാരമെന്നു തോന്നാവുന്ന ചില പ്രവൃത്തികള്‍ സൗദി അറേബ്യയിൽ ചിലപ്പോള്‍ കനത്ത ശിക്ഷയിലേക്ക് നിങ്ങളെ നയിച്ചേക്കാം. പലപ്പോഴും ചെയ്യുന്ന വ്യക്തി അതൊരു കടുത്ത കുറ്റമാണെന്ന് പോലും തിരിച്ചറിയാതെ ആയിരിക്കും ചതിക്കുഴിയിൽ വീണു പോകുക. മറ്റു ചിലപ്പോൾ ചെയ്യുന്നവർക്ക് അത് കുറ്റമാണെന്ന് മനസ്സിലാക്കിയാണ് ചെയ്യുന്നതെങ്കിലും തന്നെ ആരും തിരിച്ചറിയില്ല എന്നുള്ള മിഥ്യാ ധാരണയുടെ പേരിലായിരിക്കും ചെയ്യുക.

അറിവില്ലാതെയോ, അറിഞ്ഞോ, പെട്ടെന്നുള്ള പ്രകോപനത്തിന് വശംവദനായോ, രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മൂലമോ, വ്യക്തി വൈരാഗ്യം മൂലമോ സോഷ്യല്‍ മീഡിയകളിലൂടെയും ഇന്റെര്‍നെറ്റിലൂടെയും മറ്റൊരാള്‍ക്ക് അപമാനകരമാകുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് ഒക്കെ കഠിന ശിക്ഷയാണ് സൗദി നിയമം നല്‍കുക.

അപമാനത്തിനിരയായ വ്യക്തി വിവര സാംസ്കാരിക മന്ത്രാലയത്തില്‍ ഒരു പരാതി സമര്‍പ്പിച്ചാല്‍ കടുത്ത നിയമ നടപടികളും ശിക്ഷകളും നേരിടേണ്ടി വരും. സൗദിയിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടിയുള്ള നിയമമനുസരിച്ച് (Saudi Anti Cyber Crime Law) ആരെങ്കിലും ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചു മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തിയതായി തെളിയിക്കപ്പെട്ടാല്‍ ശിക്ഷയായി ലഭിക്കുക ഒരു വര്‍ഷം തടവും അഞ്ചു ലക്ഷം റിയാല്‍ പിഴയുമാണ്.


ആധുനിക സങ്കേതങ്ങള്‍ എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ മൊബൈല്‍ ക്യാമറകള്‍ അടക്കമുള്ള ക്യാമറകളും ഇന്റര്‍നെറ്റും വരുന്നതാണ്. അതായത് ആരെങ്കിലും മറ്റൊരാളുടെ ഫോട്ടോ അനുവാദമില്ലാതെ പ്രസിദ്ധപ്പെടുത്തിയാല്‍, പ്രസ്തുത ഫോട്ടോ ആ വ്യക്തിക്ക് അപമാനകരമാണ് എന്നയാള്‍ പരാതിപ്പെട്ടാല്‍ ഫോട്ടോ പ്രസിദ്ധപ്പെടുത്തിയ ആള്‍ കുറ്റം ചെയ്തതായി കണക്കാക്കപ്പെടും.

അത് പോലെ തന്നെ ഫേസ്ബുക്കിലും ട്വിറ്ററിലും മറ്റു സോഷ്യല്‍ മീഡിയകളിലും മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള കമന്‍റുകള്‍ എഴുതുക, അപഹസിക്കുക, അഭിമാന ഭംഗം വരുത്തുക എന്നിവയും ഈ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരും.


അപമാനത്തിന് ഇരയായ വ്യക്തിക്ക് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകാം. പോലീസ് അധികൃതർ അന്വേഷണത്തിനായി ആ പരാതിയുടെ അടിസ്ഥാനത്തിലുള്ള ക്രൈം റിപ്പോർട്ട് സൗദി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് പബ്ലിക് പ്രോസിക്യൂഷന് അയച്ചു കൊടുക്കും. അപമാനത്തിന് ഹേതുവായ സംഭവം തെളിയിക്കുന്ന തെളിവുകള്‍, അതായത് ഫോട്ടോ, പ്രസിദ്ധീകരണത്തിന്റെ കോപ്പി തുടങ്ങിയവ പരാതിയോടൊപ്പം സമര്‍പ്പിക്കണം.ഈ കമ്മിറ്റി പ്രസ്തുത പരാതി കൂടുതല്‍ അന്വേഷണത്തിന് വേണ്ടി ഇന്‍വെസ്റ്റിഗേഷന്‍ & പ്രോസിക്യൂഷന്‍ ബ്യൂറോയിലേക്ക് (ബി.ഐ.പി.പി) അയച്ചു കൊടുക്കും.

ബി.ഐ.പി.പി മറ്റു വകുപ്പുകളുടെ സഹായത്തോടെ പ്രതിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയെ തിരിച്ചറിയാനുള്ള അന്വേഷണം നടത്തും. പ്രതിയെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അയാളോട് ചോദ്യം ചെയ്യലിനായി തങ്ങളുടെ മുന്നിൽ ഹാജരാകാൻ ബി.ഐ.പി.പി ആവശ്യപ്പെടും.

കുറ്റം ചെയ്ത ആള്‍ കുറ്റം നിഷേധിക്കുകയും അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രസ്തുത സംഭവം പ്രസിദ്ധപ്പെടുത്തിയ വെബ്സൈറ്റ് കണ്ടു പിടിക്കാന്‍ സാധിക്കാതെ വരികയും ചെയ്‌താല്‍ കൂടുതല്‍ സഹായത്തിനു വേണ്ടി സാങ്കേതിക വിദഗ്ധരുടെ സഹായം തേടും.

അന്വേഷണ ശേഷം ബി.ഐ.പി.പി പ്രതിക്കെതിരെ ചാർജ്ജ് ഷീറ്റ് തയ്യാറാക്കി കേസ് ഫയൽ ക്രിമിനൽ കോടതിയിലേക്ക് വിചാരണക്ക് വേണ്ടി സമർപ്പിക്കും.

ഇത്തരം അവസരങ്ങളിൽ കൃത്യത്തിന് ഇരയായ വ്യക്തിക്കും നഷ്ടപരിഹാരത്തിനും മറ്റുമായി പ്രോസിക്യൂഷൻ കേസിനോടൊപ്പം ചേരാൻ സാധിക്കും.

കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ തടവ്‌ ശിക്ഷയും പിഴ ശിക്ഷയും ലഭിക്കുന്നതോടൊപ്പം തന്നെ കുറ്റം ചെയ്ത ആളോട് ഓണ്‍ലൈനിലൂടെ തന്നെ മറുകക്ഷിയോടു ക്ഷമാപണം നടത്താനും കൂടി കമ്മിറ്റിക്കോ കോടതിക്കോ ആവശ്യപ്പെടാം.

കുറച്ചു കാലം മുൻപ് വരെ ഇത്തരം കേസുകളിൽ ഒരു അവ്യക്തത നില നിന്നിരുന്നു. ക്രിമിനൽ കോടതിക്കാണോ അതോ ഇലക്ട്രോണിക് ആൻഡ് ഓഡിയോ വിഷ്വൽ പബ്ലിഷിങ് ഡിസ്പ്യൂട്ട്സ് കമ്മിറ്റിക്കണോ അധികാരം എന്നതായിരുന്നു തർക്ക വിഷയം. അത് കൊണ്ട് തന്നെ ക്രിമിനൽ കോടതി നിരവധി കേസുകൾ വിചാരണ നടത്താതെ ഒഴിവാക്കുകയുണ്ടായി. ഒടുവിൽ സൗദി സുപ്രീം കൗൺസിലിന്റെ ഉത്തരവ് പ്രകാരം ക്രിമിനൽ കോടതിക്കാണ് കേസുകൾ വിചാരണ ചെയ്യാനുള്ള അധികാരം എന്ന് സ്ഥിരീകരിക്കുകയാണുണ്ടായത്.

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .